രണ്ട് രൂപയ്ക്ക് അരി വിതരണം ചെയ്യാം - ഹൈക്കോടതി
Posted on: 22 Mar 2011
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് റദ്ദാക്കി
കൊച്ചി: രണ്ട് രൂപയ്ക്ക് അരി ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള കൂടുതല്‍ പേര്‍ക്ക് നല്‍കാനുള്ള സര്‍ക്കാരിന്റെ നടപടി തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രസ്തുത പദ്ധതി തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് പി. ആര്‍. രാമചന്ദ്ര മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഈ ഉത്തരവ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെതിരെ ഒല്ലൂര്‍ എം.എല്‍.എ. രാജാജി മാത്യു തോമസ് നല്‍കിയ ഹര്‍ജി കോടതി അനുവദിച്ചു.രണ്ട് രൂപയ്ക്ക് അരി നല്‍കുന്ന നിലവിലുള്ള പദ്ധതി വ്യവസ്ഥകള്‍ക്ക് വിധേയമായി കൂടുതല്‍ ജനവിഭാഗങ്ങള്‍ക്ക് വ്യാപകമാക്കുന്നത് രാഷ്ട്രീയ പ്രചാരണത്തിനുള്ള ആയുധമാക്കുന്നതായി കരുതാനാവില്ലെന്ന് കോടതി വിലയിരുത്തി. പദ്ധതി മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഏകപക്ഷീയമാണ്. എല്ലാ രാഷ്ട്രീയ കക്ഷികളും ഒരേ തട്ടില്‍ നിന്നുകൊണ്ടാണ് മത്സരിക്കുന്നതെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി കമ്മീഷന്റെ ഉത്തരവിനെ കാണാനാവില്ല. കമ്മീഷന്റെ നടപടി സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാപരമായ അധികാര പരിധിയിലുള്ള കടന്നുകയറ്റമാണ് എന്നും കോടതി വിലയിരുത്തി.
സര്‍ക്കാരിന്റെ ഔദ്യോഗിക ചുമതലാ നിര്‍വഹണത്തെ രാഷ്ട്രീയ പ്രചാരണത്തിനുള്ള ആയുധമാക്കുന്ന സാഹചര്യം ഇവിടെയില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ആന്ധ്രാപ്രദേശില്‍ ആരോഗ്യശ്രീ പദ്ധതി നടപ്പാക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ 2009ല്‍ തടഞ്ഞിരുന്നു. അന്ന് പ്രസ്തുത പദ്ധതിക്ക് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനെ കമ്മീഷന്‍ എതിര്‍ത്തിരുന്നില്ല. മുഖ്യമന്ത്രിയുടെയും മുന്‍ പ്രധാനമന്ത്രിയുടെയും ചിത്രത്തോടെ പദ്ധതിയുടെ കാര്‍ഡ് നല്‍കുന്നതാണ് കമ്മീഷന്‍ തടഞ്ഞത്. കമ്മീഷന്റെ ഈ നടപടി അന്ന് കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് സമാനമായ സാഹചര്യമല്ല ഇവിടെയുള്ളത് എന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പെടുത്ത നയതീരുമാനം നടപ്പാക്കാനുള്ള നടപടി വിജ്ഞാപനത്തിനു ശേഷം തുടരുന്നതില്‍ തെറ്റില്ല എന്നാണ് മുന്‍ കോടതി ഉത്തരവുകള്‍ വ്യക്തമാക്കുന്നതെന്നും കോടതി വിലയിരുത്തി.
പദ്ധതി നടത്തിപ്പ് തടഞ്ഞ കമ്മീഷന്റെ നടപടി അധികാരമില്ലാതെയാണ് എന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. നിലവിലുള്ള പദ്ധതിയുടെ തുടര്‍ച്ചയാണിതെന്ന് സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാന്‍ വാദിച്ചു.
25,000 രൂപയില്‍ കുറഞ്ഞ മാസ വരുമാനം, 2.5 ഏക്കറില്‍ താഴെ ഭുമി, 2,500 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണമുള്ള വീട് എന്നീ വ്യവസ്ഥകളാണ് റേഷന്‍കാര്‍ഡുടമകള്‍ക്ക് പ്രതിമാസം രണ്ട് രൂപയ്ക്ക് 25 കിലോ അരി നല്‍കാന്‍ സര്‍ക്കാര്‍ വച്ചിട്ടുള്ള വ്യവസ്ഥകള്‍. ഇക്കാര്യം കാര്‍ഡുടമകള്‍ സ്വയം സാക്ഷ്യപ്പെടുത്തി നല്‍കിയാന്‍ മതി.
അരി അടുത്തയാഴ്ച മുതല്‍ - ഐസക്ക്
തിരുവല്ല: അപേക്ഷിക്കുന്നവര്‍ക്ക് രണ്ടുരൂപയ്ക്കുള്ള അരിവിതരണം അടുത്തയാഴ്ച തുടങ്ങുമെന്ന് മന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. അരിവിതരണത്തിന് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി റദ്ദാക്കിയത് യു.ഡി.എഫിനും ഉമ്മന്‍ചാണ്ടിക്കുമേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment